Newsperseconds.com

കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റില്‍ അഞ്ഞൂറോളം താമസക്കാര്‍ക്ക് രോഗബാധ വന്നിട്ടും നടപടിയെടുക്കാതെ ആരോഗ്യമന്ത്രി; വീണാ ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി; എംഎല്‍എ ഉമതോമസിന്റേത് ജാതി രാഷ്ട്രീയം, ആരോഗ്യമന്ത്രിയെ രക്ഷിക്കാനുള്ള പ്രഹസനം; രൂക്ഷ വിമര്‍ശനമുന്നയിച്ച് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗബാധയില്‍ ആരോഗ്യ വകുപ്പിനെതിരെയും തൃക്കാക്കര എംഎല്‍എ ഉമതോമസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ഏറെ അപകടകരമായ, അങ്ങേയറ്റത്തെ കേസുകളില്‍ മരണം വരെ സംഭവിച്ചേക്കാവുന്ന, രക്തരൂക്ഷിതമായ വയറിളക്കം വരേ വന്നേക്കാവുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം വെള്ളത്തില്‍ കണ്ടെത്തിയിട്ടും എംഎല്‍എ ഉമതോമസ് മൗനം പാലിക്കുകയാണെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു. ജൂണ്‍ ഒന്നിനാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഇന്നേക്ക് 19 ദിവസമായിട്ടും യാതൊരു വിധ നടപടിയും മന്ത്രി വീണജോര്‍ജിന്റെയും എംഎല്‍എ ഉമതോമസിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നതില്‍ ഫ്‌ലാറ്റ് നിവാസികള്‍ നിസ്സഹായരാണ്. മന്ത്രി വീണജോര്‍ജിനെ നിയമസഭ മണ്ഡലത്തില്‍ കയറ്റാതെ തടഞ്ഞുനിര്‍ത്തി ആരോഗ്യവകുപ്പിന്റെ ക്രമക്കേടുകള്‍ക്ക് എതിരെ നടപടിയെടുക്കാനുള്ള ധൈര്യം ഇനിയെങ്കിലും ഉമതോമസ് കാണിക്കണം. പത്രക്കാരെ വിളിച്ചു നിര്‍ത്തി ലൈവ് കൊടുത്തു ആളാവുകയല്ല വേണ്ടത്. ആരോഗ്യ വകുപ്പ് മന്ത്രിയെ നിയമസഭാ കവാടത്തില്‍ തടയുകയാണ് തൃക്കാക്കരയുടെ എംഎല്‍എ എന്ന നിലക്ക് ഉമതോമസ് ചെയ്യേണ്ടതെന്നും ആര്‍.സി രാജീവ്ദാസ് തുറന്നു പറഞ്ഞു.

Capture

മൂന്നാഴ്ചയായി ചികിത്സ തേടിയത് 500 ഓളം ആളുകളാണ്. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികള്‍ക്കുള്‍പ്പടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. അസുഖ ബാധിതരായ പ്രായമായവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. നാലായിരത്തില്‍ അധികം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഫ്ളാറ്റില്‍ വലിയൊരു ദുരന്തത്തിലേക്ക് വഴിവെക്കുന്ന സംഭവം നടന്നിട്ടും കൃത്യമായ രീതിയില്‍ ഇതിനെ നോക്കി കാണുന്നില്ല. പരിശോധനകള്‍ നടത്താതെ ആരോഗ്യവകുപ്പിന്റെ കൊള്ളരുതായ്മകള്‍ക്ക് കുട പിടിച്ചിരിക്കുകയാണ് എംഎല്‍എ ഉമതോമസ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ വലിയ കുടിവെള്ള മാഫിയ പിടിമുറുക്കുന്നുവെന്ന വാര്‍ത്തകള്‍ ഇതിനു മുമ്പും പല തവണ വന്നിട്ടുണ്ട്. യാതൊരു ശുചിത്വവും പാലിക്കാതെ ടാങ്കില്‍ കുടിവെള്ളം എത്തിച്ച് ഫ്‌ലാറ്റുകളില്‍ വിതരണം ചെയ്യുന്നതിനെതിരെ പല മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സംഭവങ്ങളെല്ലാം കൃത്യമായി അറിയുന്ന ഉമ തോമസ് ഇതെല്ലാം കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. 500 ഓളം ആളുകള്‍ക്ക് ചര്‍ദ്ദിയും അതിസാരവും പിടിപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആയപ്പോഴും ഉമതോമസിന്റെ പ്രസ്താവനകള്‍ കാപട്യം നിറഞ്ഞത് മാത്രമാണ്. അയ്യായിരത്തോളം വരുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ട നിലപാട് എടുക്കേണ്ട എംഎല്‍എ ഈ ഒരു പ്രതിസന്ധി ഘട്ടത്തില്‍ മാത്രം വന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് വീണ ജോര്‍ജിനെതിരെ പ്രസ്താവന ഇറക്കുന്നതില്‍ യാതൊരു വിധ അര്‍ത്ഥവുമില്ല. ആരെ സംരക്ഷിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ഇനിയും ആരോഗ്യവകുപ്പിനെതിരെ ഉമതോമസ് നടപടിയെടുക്കാതിരുന്നാല്‍ തൃക്കാക്കരയിലെ ജനങ്ങളോട് കാണിക്കുന്ന നീതികേടായിരിക്കും. നിലപാടുകള്‍ മാറ്റി മന്ത്രി വീണജോര്‍ജിനെതിരെ നടപടിയെടുക്കാനും നിയമസഭ മന്ദിരത്തില്‍ കയറ്റാതെ വഴിയില്‍ തടയാനുള്ള ആര്‍ജ്ജവം ഉമ തോമസ് കാണിക്കണമെന്നും ആര്‍. സി രാജീവ്ദാസ് വ്യക്തമാക്കി.

Capture

പലയിടത്തു നിന്നായി കൊണ്ടു വരുന്ന വാട്ടര്‍ ടാങ്കുകളിലെ വെള്ളമാണ് ഫ്ലാറ്റിലെ താമസക്കാര്‍ നിത്യോപയോഗത്തിനായി എടുക്കുന്നത്. വാട്ടര്‍ ടാങ്കുകളിലെ വെള്ളം എത്രമാത്രം ശുദ്ധമാണെന്ന് ഫ്ളാറ്റ് അധികാരികള്‍ക്ക് പോലും അറിയില്ല എന്നതാണ് വാസ്തവം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. രോഗബാധ പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും ആര്‍.സി രാജീവ് ദാസ് പറഞ്ഞു. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ചാനലുകളിലും സമൂഹ്യമാധ്യമങ്ങളിലും വരെ സംഭവം ചര്‍ച്ചയായിട്ട് പോലും ആരോഗ്യവകുപ്പ് ഇഴഞ്ഞുനീങ്ങുകയാണ് ചെയ്യുന്നത്. ഇപ്പോഴും വെള്ളം ശുചീകരണം നടത്തി പ്രശ്‌നം കൂടുതല്‍ രൂക്ഷമാകില്ലെന്ന് കരുതുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ ന്യായം. യാതൊരു വിധ ഉറപ്പും പൊതു സമൂഹത്തിന് ആരോഗ്യവകുപ്പിന് കൊടുക്കാന്‍ കഴിയുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് ഉറപ്പു നല്‍കി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള മന്ത്രിയും ജനപ്രതിനിധിയുമായിട്ടുള്ള വീണാജോര്‍ജിന്റെ ഭാഗത്ത് നിന്നുണ്ടായത് അതി ഗുരുതര വീഴ്ചയാണ്. വകുപ്പ് കൈകാര്യം ചെയ്യാനറിയാത്ത മന്ത്രിയാണ് വീണാജോര്‍ജ് എന്നത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. എമര്‍ജന്‍സി അവസ്ഥയില്‍ എയര്‍പോര്‍ട്ടില്‍ പോയി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും വിദേശത്ത് പോകാന്‍ കഴിയാതെ പരാജയപ്പെടേണ്ടി വന്ന മന്ത്രിക്ക് ഇതും കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ആരെയാണ് ഇവര്‍ സംരക്ഷിക്കുന്നത്? ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് കൃത്യമായ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ് അലസത കാണിക്കുന്നത് എന്നെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, കൊച്ചിയിലെ മേയറിന് ഇതൊന്നും ശ്രദ്ധിക്കാന്‍ നേരമില്ല എന്നത് മറ്റൊരു സത്യം. യഥാസമയം പരിശോധനകള്‍ നടത്തി കൊച്ചി പോലുള്ളൊരു നഗരത്തെ സൂക്ഷമമായി കൈകാര്യം ചെയ്യേണ്ടിടത്ത് യാതൊരു വിധ നടപടികളുമെടുക്കാതെ കോര്‍പ്പറേഷന്‍ അധികാരികള്‍ കണ്ണടച്ച് ഇരിക്കുകയാണെന്നും ആര്‍.സി രാജീവ്ദാസ് വിമര്‍ശിച്ചു.

Share this Article

Leave a Comment