Newsperseconds.com

പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി ടൗണ്‍ഷിപ്പുകള്‍ കൊണ്ടുവരാതെ കോളനി പേരു മാറ്റത്തില്‍ എന്തു കാര്യം? മന്ത്രി കെ.രാധാകൃഷ്ണന്റെ ഉത്തരവ് സര്‍ക്കാരിനെ വെള്ളപൂശാനുള്ള പുതിയ തന്ത്രം; തുറന്നടിച്ച് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1

മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുമ്പ് കെ.രാധാകൃഷ്ണന്‍ നടത്തിയ പുതിയ ഉത്തരവ് സര്‍ക്കാരിനെ വെള്ളപൂശാനുള്ള പുതിയ തന്ത്രമാണെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ‘കോളനി’ എന്ന അഭിസംബോധന അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് ഇത്തരത്തിലൊരു പേരുമാറ്റ ഉത്തരവിറക്കിയതെന്നാണ് കെ. രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍,
അധസ്ഥിത വര്‍ഗ്ഗത്തില്‍ പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് പകരം കോളനികള്‍ എന്ന വാക്ക് ഉപയോഗിക്കരുത് എന്ന ഉത്തരവ് ഇറക്കിയത് ഇടത് സര്‍ക്കാരിന്റെ നിലനില്‍പ്പിന് വേണ്ടി മാത്രമാണെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി.

ഇത്തരത്തിലൊരു പേരുമാറ്റത്തിനു പകരം കോളനികളെ നവീകരിച്ച് അവരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നുള്ളതാണ് ചെയ്യേണ്ടത്. അഞ്ചു സെന്റ് സ്ഥലവും അതിലൊരു വീടും അടിസ്ഥാനസൗകര്യങ്ങളും കൊണ്ടു വന്ന് കോളനികളിലെ കുടുംബങ്ങളെ നവീകരിച്ച് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. അടിസ്ഥാനസൗകര്യങ്ങളായ ഭൂമിയും പാര്‍പ്പിടവും കുടിവെള്ളവും പോലും നിഷേധിക്കപ്പെട്ട ഈ ജനതയ്ക്ക് കോളനികള്‍ ടൗണ്‍ഷിപ്പ് സംവിധാനത്തിലേക്ക് മാറ്റുകയാണ് വേണ്ടത്. സ്‌കൂളുകള്‍, ആശുപത്രി, അടിസ്ഥാന സൗകര്യങ്ങള്‍, ക്വിക്ക് ഷോപ്പുകള്‍ തുടങ്ങിയ സഹായസൗകര്യങ്ങളുടെ സമഗ്രമായ ടൗണ്‍ഷിപ്പ് ജീവിതരീതിയിലേക്ക് ഇവരെ എത്തിക്കണം. ഇതിലൂടെ നല്ല ജീവിത നിലവാരത്തിന് ആവശ്യമായതെല്ലാം അവര്‍ക്ക് ലഭിക്കും. സുരക്ഷിതമായ ജീവിതം, മെച്ചപ്പെട്ട ജീവിതരീതി ഇതെല്ലാം ടൗണ്‍ഷിപ്പിലൂടെ ഇവര്‍ക്ക് ലഭ്യമാകും. ഇത്തരത്തിലൊരു നടപടിയാണ് മന്ത്രി ചെയ്തിരുന്നതെങ്കില്‍ അതിനെ വിപ്ലവാത്മകമായ രാജിവെക്കല്‍ എന്ന് വിശേഷിപ്പിക്കാമായിരുന്നുവെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

എന്നാല്‍, അതിന് പകരം സംഭവിച്ചത് കോളനികള്‍ എന്ന രീതിയില്‍ അപമാനിക്കരുത് എന്ന മന്ത്രിയുടെ ഉത്തരവാണെന്നും ആര്‍.സി രാജീവ്ദാസ് വിമര്‍ശിച്ചു. പിന്നോക്കവിഭാഗത്തെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈപിടിച്ചുയര്‍ത്താതെയാണ് മന്ത്രി വ്യാജ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു നീക്കം മാത്രമാണ്. പിഎം യോജന വഴി പിന്നോക്ക വിഭാഗത്തിന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമായിരുന്നിട്ടും ഒരു തരത്തിലുള്ള വികസനവും അവരില്‍ എത്തിക്കാതെ പേരുമാറ്റത്തിലൂടെ മന്ത്രി എന്താണ് ഉദ്ദേശിക്കുന്നതെന്നും ആര്‍.സി രാജീവ്ദാസ് ചോദിച്ചു. അതേ സമയം, കേരളത്തിലെ പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പി എം യോജനയിലൂടെ ഭവനങ്ങള്‍ നല്‍കുന്നതിനായി ആര്‍പിഐ സംസ്ഥാന ഘടകം പ്രവര്‍ത്തിക്കുമെന്നും ആര്‍.സി രാജീവ് ദാസ് പറഞ്ഞു.

 

 

Share this Article

Leave a Comment