ആലപ്പുഴ: മാന്നാറിലെ കല കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകം നടന്നുവെന്ന് പറയുന്ന വലിയ പെരുമ്പുഴ പാലത്തിനടുത്ത് തന്നെ ആറ്റില്‍ മൃതദേഹം കളയാനായിരുന്നു പ്രതികള്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോള്‍ സംശയിക്കുന്നുണ്ട്. 15 വര്‍ഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തല്‍. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ കോടതിക്ക് കൈമാറി.
അതേ സമയം, കേസിലെ പ്രധാന പ്രതിയായ അനിലിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിച്ചാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂ. കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയില്‍ ഉള്‍പ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ പരമാവധി തെളിവ് ശേഖരണത്തിനാണ് പൊലീസിന്റെ ശ്രമം.