Newsperseconds.com

വയനാടിനായി കൈകോര്‍ത്ത് ‘കരളുറപ്പുള്ള കേരളം’; നന്മയുടെ ഉറവ വറ്റാത്ത മനസ്സുകള്‍ക്ക് അഭിനന്ദനം

Capture

രാജ്യത്തെയാകെ പിടിച്ചുലച്ച വയനാട്ടിലെ മഹാദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നുവരികയാണ്. പ്രതീക്ഷകള്‍ ചാരമായ മനുഷ്യരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍, കേരളത്തിന് അകത്തും പുറത്തു നിന്നുമായി ജാതി-മത രാഷ്ട്രീയ ഭേദമന്യേ മനുഷ്യന്‍ ഒറ്റക്കെട്ടായി വയനാടിനായി കൈകോര്‍ക്കുകയാണ്. ഒരു നാടിനെ പുനര്‍നിര്‍മ്മിക്കാനുള്ള എല്ലാ വിധ സഹായങ്ങള്‍ക്കും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കൂലിപ്പണിക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ, സിനിമ പ്രവര്‍ത്തകര്‍, ട്രാന്‍സ്‌ജെന്‍ഡേര്‍സ് സംഘടന, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ബിസിനസ്സുകാര്‍ തുടങ്ങി എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകള്‍ വയനാടിന് സഹായ ഹസ്തം നീട്ടുകയാണ്.

ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാം മണ്ണെടുത്ത ആ മനുഷ്യര്‍ക്ക് ഇനി തണലേകാന്‍ ജനസമൂഹം മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. അമ്മമാര്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കാന്‍ എത്തുന്നവര്‍, കുട്ടികളെ ഏറ്റെടുത്ത് വളര്‍ത്താന്‍ തയ്യാറായവര്‍, കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമായി മുടങ്ങാതെ ചെയ്തു കൊടുക്കാമെന്ന് പറയുന്നവര്‍, വീടും സ്ഥലവും നല്‍കാമെന്ന് ഓഫര്‍ ചെയ്തവര്‍…സമാനതകളില്ലാത്ത സഹായ വാഗ്ദാനങ്ങളാണ് വയനാടിന് വേണ്ടി സാമൂഹ്യമാധ്യമങ്ങളിലും മറ്റും കാണാന്‍ സാധിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം നന്മയുടെ വറ്റാത്ത ഉറവിടമായി മാറിയിരിക്കുകയാണ്. ഇതിനു മുമ്പും കേരളം അത് തെളിയിച്ചതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലൂടെയും അല്ലാതെയും സുമനസ്സുകള്‍ ഒറ്റക്കെട്ടായി നിന്ന് സഹായ തുക കൈമാറുകയാണ്.

നാലാം ദിനത്തിലെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതോടെ മരണസംഖ്യ 317 ആയി. ഇന്ന് നിലമ്പൂരില്‍ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും.

 

 

 

Share this Article

Leave a Comment