Newsperseconds.com

സപ്‌ളൈകോ ഓണം ഫെയറിന് തുടക്കമായി; സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Untitled 1

രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ അത് തടയുന്നതിന് കേരളം മുന്നോട്ടുവച്ച ബദല്‍ മാതൃക ജനങ്ങള്‍ക്ക് ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ളൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയതലത്തില്‍ വിലക്കയറ്റത്തെ ഗൗരവത്തോടെ കാണുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഓണക്കാലത്ത് ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ വിലക്കുറവ് കുറഞ്ഞതോതില്‍ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ജൂണില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം 5 ശതമാനം വര്‍ധിച്ചു. വിലക്കയറ്റം 9.4 ശതമാനമാണ്. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം 8 ശതമാനത്തിന് മുകളിലാണ്. പച്ചക്കറി വിലക്കയറ്റം 30 ശതമാനത്തിനടുത്തെത്തി.നിത്യോപയോഗ സാധനങ്ങള്‍ വലിയ വിലക്കുറവിലാണ് സപ്ലൈകോ ലഭ്യമാക്കുന്നത്. 13 ഇനം സബ്സിഡി സാധനങ്ങള്‍ക്കൊപ്പം പഴം, പച്ചക്കറി ഉത്പന്നങ്ങളും ഫെയറില്‍ നല്‍കുന്നുണ്ട്. ഈ നടപടി കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ സാധനം ലഭിക്കുന്നതിന് അവസരം ഒരുക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 45 ശതമാനം വരെ വിലക്കുറവില്‍ വിതരണം ചെയ്യും. 255 രൂപയുടെ ശബരി ഉത്പന്നം 189 രൂപയ്ക്ക് ലഭിക്കുന്നു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ഉപേക്ഷിക്കുന്നതില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ മാത്രമാണ് ഒഴിവാക്കിയത്. മറ്റു പരിപാടികള്‍ക്കൊന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിന്റെ പുനര്‍നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. അതിന് നാടിന്റെയാകെ പിന്തുണ വലിയ തോതില്‍ ലഭിക്കുന്നുണ്ട്. വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് മുഴുവന്‍ താത്ക്കാലിക താമസം ഒരുക്കി. പുനരധിവാസ നടപടികള്‍ കൃത്യമായി നടന്നു വരുന്നു. വയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവന്‍ പേര്‍ക്കും 14 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുന്നുണ്ട്. സപ്ലൈകോയുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രവര്‍ത്തനമായി ജനം വിലയിരുത്തുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment