സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ആര്‍പിഐ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ധീരനായ നേതാവിന്റെ വിയോഗത്തില്‍ അഗാധമായ ഞെട്ടലും ദുഖവും രേഖപ്പെടുത്തുന്നു. സഖാവ് യെച്ചൂരി ചെറുപ്പം മുതലേ നീതിയോട് പ്രതിബന്ധത പുലര്‍ത്തിയ നേതാവായിരുന്നു. തൊഴിലാളിവര്‍ഗ്ഗത്തിനു വേണ്ടി നിലകൊണ്ട സഖാവ് സീതാറാം യെച്ചൂരി വര്‍ഗ്ഗീയതക്കും ഫാസിസത്തിനുമെതിരെ സന്ധിയില്ലാതെ പോരാടി. പ്രത്യയ ശാസ്ത്ര ദൃഢതയും നിലപാടുകളുടെ വ്യക്തതയും യച്ചൂരിയുടെ പ്രത്യേകതകളായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.
രാജ്യത്തെ ജനാധിപത്യശക്തികള്‍ക്ക് പൊതുവിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വേര്‍പാടിലൂടെ ഉണ്ടായതെന്ന് ആര്‍പി ഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ് പറഞ്ഞു. മികച്ച പാര്‍ലമെന്റേറിയനായും മതേതരശക്തികളുടെ വക്താവായും രാഷ്ട്രീയ സൈദ്ധാന്തികനായും രാജ്യത്തിന്റെ പൊതുരംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഹൃദയഭാരത്തോടെ പങ്കു ചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ആര്‍.സി രാജീവ്ദാസ് അറിയിച്ചു.