മുഖ്യമന്ത്രി പിണറായി വിജയനെ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്നതാണ് അന്‍വറിന്റെ വെളിപ്പെടുത്തലുകളെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ്. സ്വര്‍ണ്ണക്കടത്തിലെ യഥാര്‍ത്ഥ കള്ളനെ പുറത്ത് ചാടിക്കാനായിരുന്നു എന്ന അന്‍വറിന്റെ പ്രഖ്യാപനം മുഖ്യമന്ത്രിയെ മാത്രം ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ നടത്തിയ ആരോപണങ്ങള്‍ വളരെ ഗൗരവമേറിയതാണ്. എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മിനേയും സര്‍ക്കാറിനേയും വെട്ടിലാക്കുന്ന ഗുരുതര ആരോപണങ്ങളാണ് പിവി അന്‍വര്‍ നടത്തിയത്. കേരളത്തില്‍ കത്തിജ്വലിച്ചിരുന്ന പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടു പോയി എന്ന അന്‍വറിന്റെ പരാമര്‍ശത്തില്‍ എല്ലാമുണ്ട്. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ല്‍ നിന്ന് പൂജ്യമായി താഴ്ന്നിരിക്കുകയാണ്. പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നും അന്വേഷണം കേന്ദ്ര ഏജന്‍സി നടത്തണമെന്നും ആര്‍.പി.ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ് വ്യക്തമാക്കി.
പിണറായിയുടെ അടിമയാണ് പാര്‍ട്ടി സെക്രട്ടറിയെന്നും അന്വേഷണം ശരിയായ ദിശയില്‍ പോകുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പിവി അന്‍വര്‍ ആരോപിച്ചതാണ്. പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും കുറിച്ച് പരസ്യ ആരോപണങ്ങള്‍ പല തവണയായി പുറത്തുവന്നിട്ടും നടപടിയെടുക്കാത്തതിന്റെ പ്രധാന കാരണം മുഖ്യമന്ത്രിയും സെക്രട്ടറിയുമാണെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു. കേരളത്തിലെ സകല രാഷ്ട്രീയ നേതാക്കളേയും കടന്നാക്രമിച്ചാണ് അന്‍വറിന്റെ പത്രസമ്മേളനം. പാര്‍ട്ടിയില്‍ റിയാസ് മാത്രം മതിയോ എന്ന ചോദ്യവുമായി പിണറായി കുടുംബത്തേയും വെട്ടിലാക്കുന്നതാണ് അന്‍വറിന്റെ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണ്ണ കടത്തില്‍ പോലീസ് നടത്തുന്ന കള്ളക്കളിക്ക് തെളിവായി ചില വീഡിയോയും പ്രദര്‍ശിപ്പിച്ചിരുന്നു. കേസില്‍ പിടിച്ചവരുടെ വീഡിയോയാണ് പുറത്തു വിട്ടത്. പി ശശിയെ കാട്ടുക്കള്ളന്‍ എന്നാണ് അന്‍വര്‍ വിശേഷിപ്പിച്ചത്. അത്തരത്തിലൊരു വ്യക്തിയെയാണ് മുഖ്യമന്ത്രി പിന്തുണക്കുന്നത്. പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടും പി ശശിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി.
എന്നാല്‍, പിവി അന്‍വറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ആരാണെന്നും, ആര്‍ക്ക് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്നും വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ അന്‍വറിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി. ഇതോടൊപ്പം സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.