പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ്. യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഉത്തരവാദിത്വമുള്ള നേതാവുമായ പി സരിന്‍ സ്ഥാനങ്ങളെല്ലാം രാജിവെക്കുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി സരിന്‍ രാവിലെ 11.45 ന് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചെന്നാണ് ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് സരിന്‍ കോണ്‍ഗ്രസ് പദവികള്‍ രാജി വെച്ചേക്കുമെന്നാണ് സൂചന. ചിലപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്. എല്‍ഡിഎഫും ബിജെപിയും കൂടെ കൂട്ടാനും ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജില്ലക്കാരനായ തനിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്നായിരുന്നു സരിന്‍ കണക്കുകൂട്ടിയിരുന്നത്. ചേലക്കര നിയമസഭ മണ്ഡലത്തിലെ തിരുവില്ലാമല സ്വദേശിയാണ് സരിന്‍. എന്നാല്‍ സരിന്റെ പേര് പരിഗണിക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പ്രതിപക്ഷ നേതാവടക്കം നിര്‍ദ്ദേശിച്ചതാണ് സരിന്റെ പരാതി. സ്ഥാനാര്‍ത്ഥി അന്തിമ പട്ടിക തയ്യാറാക്കുന്ന സമയത്ത് സരിന്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു. ജില്ലയുടെ പ്രാതിനിധ്യം ഉറപ്പാക്കണം, ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥി വേണ്ട എന്നീ വാദങ്ങളാണ് സരിന്‍ മുന്നോട്ടുവെച്ചത്. സരിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റുമോ എന്നതില്‍ എല്‍ഡിഎഫും കാര്യമായ ആലോചന ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.