ആലപ്പുഴ: കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയത് കുറുവാസംഘത്തില്‍ ഉള്‍പ്പെട്ട ആളെന്ന് പോലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. മണ്ണഞ്ചേരിയിലും കോമളപുരത്തും കവര്‍ച്ച നടത്തിയത് സന്തോഷ് ഉള്‍പ്പെട്ട കുറുവ സംഘമാണെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട് കാമാക്ഷിപുരത്തു നിന്നും 14 പേരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്. ആലപ്പുഴയില്‍ നിരവധി സ്ഥലങ്ങളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പലയിടങ്ങളിലായി സംഘം തമ്പടിച്ചിരിക്കുകയാണ്. പലയിടത്തും പല വേഷങ്ങളിലാണ് ഇവര്‍ കറങ്ങുന്നത്. പകല്‍ സമയങ്ങളില്‍ വീടുകള്‍ കണ്ടെത്തി പോയിന്റ് ചെയ്യും. തുടര്‍ന്ന് രാത്രിയിലെത്തി മോഷണം നടത്തുകയാണ് പതിവ്.
സന്തോഷിന്റെ നെഞ്ചിലെ പച്ചകുത്തിയ ചിത്രം സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞതാണ് കേസിന് നിര്‍ണ്ണായക തെളിവായത്. സന്തോഷിനൊപ്പം പിടികൂടിയ തമിഴ്നാട് സ്വദേശി മണികണ്ഠന്‍ കവര്‍ച്ചാ സംഘത്തില്‍പ്പെട്ടയാളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ ട്രിച്ചി സ്വദേശിയാണ്. ഇയാളെപ്പറ്റി വിശദമായി അന്വേഷിച്ചു വരികയാണ്. അര്‍ദ്ധനഗനരായി മുഖം മൂടിയ രണ്ടു പേരാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയതാണ് ആലപ്പുഴ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സന്തോഷ് ശെല്‍വത്തിലേക്ക് എത്തിയത്. കുണ്ടന്നൂര്‍ പാലത്തിന് താഴെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വഴിത്തിരിവായി.