പാലക്കാട്: ദിവസങ്ങള്‍ നീണ്ട പരസ്യപ്രചരണത്തിനൊടുവില്‍ പാലക്കാടിനെ ആവേശത്തിലാഴ്ത്തി കൊട്ടിക്കലാശം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ആയിരത്തിലേറെ അണികളാണ് പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. നാളെ നിശബ്ദപ്രചാരണം നടക്കും. മറ്റന്നാളാണ് ജനങ്ങള്‍ വിധിയെഴുതുക.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ബിജെപിയില്‍ നിന്നെത്തിയ സന്ദീപ് വാര്യര്‍, ഷാഫി പറമ്പില്‍ എംപി, യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ കളത്തിലിറങ്ങി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനായി മന്ത്രി എം ബി രാജേഷ്, എ എ റഹീം എം പി, സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു അടക്കമുള്ളവര്‍ അവസാനഘട്ട പ്രചാരണത്തിനെത്തി. സരിന്റെ വിജയം ഉറപ്പുവരുത്തിയുള്ള പ്രതീക്ഷകളും വാഗ്ദാനങ്ങളുമാണ് എല്‍ഡിഎഫിന്റെ ഹൈലൈറ്റ്. പ്രചാരണത്തിലുടനീളം സരിന്റെ ചിഹ്നമടങ്ങിയ പതാക വാനില്‍ പാറിപ്പറന്നു.
എന്‍ഡിഎ ക്യാമ്പിന്റെ ആവേശവും കൊട്ടിക്കലാശത്തിലുടനീളം പ്രകടമായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ക്രെയിനില്‍ എത്തിയാണ് അണികളെ അഭിവാദ്യം ചെയ്തത്. സി കൃഷ്ണകുമാറിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും നിരത്തിലിറങ്ങി. ബിജെപി നേതാവിന്റെ പ്രചാരണത്തില്‍ സവര്‍ക്കറുടെ ചിത്രം പതിച്ച കൊടിയും പാറി. മണിക്കൂറുകള്‍ നീണ്ട ആവേശം ആറ് മണിയോടെയാണ് പരിസമാപ്തി കുറിച്ചത്.