ചേലക്കര ഇടതിന്റെ കോട്ടയെന്ന് വീണ്ടും തെളിയിച്ച യുആര്‍ പ്രദീപിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാരിനെതിരെയുണ്ടാക്കിയ വിവാദങ്ങളൊന്നും ജനം ചെവികൊണ്ടില്ലെന്നും കുപ്രചരണങ്ങള്‍ക്ക് സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്ന് മന്ത്രി പ്രതികരിച്ചു. യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ പോലെയായിരുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു.
പരസ്പരം കുറ്റം പറയാതിരിക്കാനുള്ള ഗുളിക വരെ യുഡിഎഫും ബിജെപിയും കഴിച്ചിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ വിജയം ഉണ്ടാകണേല്‍ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്റെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ചേലക്കരയില്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ എല്‍ഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ ലീഡ് പതിനായിരത്തോട് അടുക്കുകയാണ്. വോട്ടെണ്ണലില്‍ ഇതുവരെ രമ്യ ഹരിദാസിന് ലീഡ് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. 13 റൗണ്ട് ആണ് ചേലക്കരയില്‍ എണ്ണുന്നത്. എല്‍ഡിഎഫ് വിജയം ഉറപ്പിച്ച് ചേലക്കരയില്‍ പലയിടത്തും സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു.