Newsperseconds.com

മാലിന്യമുക്തം നവകേരളം; എല്ലാവരുടെയും പൂര്‍ണ്ണസഹകരണവും കൂട്ടായ ഇടപെടലും പ്രധാനമെന്ന് മുഖ്യമന്ത്രി

Untitled 1 Recovered

സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജനം ഉറപ്പുവരുത്തുന്നതിനായി മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിന്‍ ഇപ്പോള്‍ സജീവമായി മുന്നോട്ട് പോകുകയാണെന്നും അത് പൂര്‍ണ്ണമായും ഫലപ്രദമാകണമെങ്കില്‍ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതത്യാവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപെട്ടു റെസിഡന്‍സ് അസോസിയേഷനുകള്‍, തൊഴിലാളി യൂണിയനുകള്‍, ജീവനക്കാരുടെ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍.എസ്.എസ്., എന്‍.സി.സി., എസ്.പി.സി., സ്‌കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാവരുടെയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ മാലിനിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. നമ്മള്‍ വ്യക്തി ശുചിത്വത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാനാണ്. അതേ പ്രാധാന്യം തന്നെ പൊതു ശുചിത്വത്തിന് കൂടി കൊടുക്കേണ്ടതുണ്ട്. അത് നമ്മുടെ നാടിന്റെയും ഭാവി തലമുറകളുടെയും നിലനില്‍പ്പിന് പ്രധാനമാണ്. ശുചിത്വം ഉറപ്പുവരുത്തുന്നത് വൃത്തിയും വെടിപ്പുമുള്ള പരിസങ്ങള്‍ സൃഷ്ടിക്കുന്നതിന് മാത്രമല്ല, ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിന്‍ ഏറെ പ്രാധാന്യത്തോടെ ഏറ്റെടുത്തു പൂര്‍ണ്ണതോതില്‍ ജനകീയമാക്കേണ്ടതുണ്ട്.

ഗാന്ധി ജയന്തി ദിനമായ 2024 ഒക്ടോബര്‍ 2 മുതല്‍ അന്തരാഷ്യ സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെയാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ലഭ്യമായ കണക്കനുസരിച്ചു രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം പേര്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 2025 മാര്‍ച്ച് അവസാനം സമ്പൂര്‍ണ ശുചിത്വ കേരളം പ്രഖ്യാപനം നടത്തണമെന്നുണ്ടെങ്കില്‍ എല്ലാവരും നല്ലരീതിയില്‍ സഹകരിച്ചു മുന്നേറേണ്ടതുണ്ട്. അതിന് റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും യുവാക്കളുടെയും വിദ്യാര്‍ദ്ധികളുടെയും വിദ്യാലയങ്ങളുടെയും സഹകരണവും പങ്കാളിതവും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment