Newsperseconds.com

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

Untitled Design (65)

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.

ഇയാള്‍ കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തത്‌ കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്നായിരുന്നു. ഒരു സ്ത്രീയും മറ്റൊരു പുരുഷനും ഇയാള്‍
ക്കൊപ്പമുണ്ടായിരുന്നുവെന്നും, ഇരുവരും ഓട്ടോറിക്ഷയിലാണ് കടയില്‍ വന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.

”ഏഴരയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും കടയിൽ എത്തിയത്. ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് വീടിടിലേക്ക് കോൾ ചെയ്ത് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നു. പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളെന്നും സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കുമെന്നും കട ഉടമ മൊഴി നൽകിയിരുന്നു. കടയുടെ അല്‍പ്പം മുന്നിലാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമത്തെയാളെ കണ്ടിട്ടില്ലെന്നും” പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

ഏകദേശം പത്തുമിനിറ്റോളം ഓട്ടോ കടയുടെ ഭാ​ഗത്ത് ഉണ്ടായിരുന്നുവെന്ന് പ്രദേശത്തുണ്ടായിരുന്ന സതീശന്‍ എന്നയാളും പ്രതികിരിച്ചിട്ടുണ്ട്. സ്തീ ധരിച്ചത് വെള്ള പുള്ളികളുള്ള പച്ച ചുരിദാറാണ്. പുരുഷന്‍ ബ്രാണ്‍ ഷര്‍ട്ടും കാക്കി പാന്റുമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാർ വാഷിംഗ് സെൻ്റർ ജീവനക്കാരായ രണ്ടുപേരെയാണ്‌ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. തിരുവനന്തപുരം ശ്രീകണ്ടേശ്വരത്തു നിന്നാണ് രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്തത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഇവരുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ല.

ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. കെഎല്‍ 01 3176 എന്ന നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. പോലീസ് അതിവേഗ അന്വേഷണം നടത്തുന്നുണ്ട്. എല്ലാവിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Share this Article

Leave a Comment