സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊതുമുതല്‍ നശിപ്പിച്ചു, കലപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വി ഡി സതീശന് പുറമേ ഷാഫി പറമ്പില്‍ എംഎല്‍എ, എം വിന്‍സന്റ് എംഎല്‍എ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
സംസ്ഥാനത്ത് തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.