ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ മധ്യപ്രദേശിലെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ആരംഭിക്കും. മാര്‍ച്ച് ആറിന് രാജസ്ഥാനില്‍ പ്രവേശിക്കുന്നതിന് മുമ്പ് രാഹുല്‍ഗാന്ധിയുടെ യാത്ര അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 678 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദര ഗുപ്ത പറഞ്ഞു.
ഇന്ന് ഉച്ചയോടെ രാജസ്ഥാനിലെ ധോല്‍പൂരില്‍ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയ്ക്ക് കീഴിലുള്ള മൊറേനയിലേക്ക് ഗാന്ധിയുടെ യാത്ര എത്തും. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാരി, മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ദിഗ്വിജയ് സിംഗ് അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കും. യാത്രയ്ക്കിടെ ഉച്ചയ്ക്ക് 2 മണിക്ക് പിപ്രായിയിലെ ജെബി ധാബയില്‍ പതാക കൈമാറല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് ഗ്വാളിയോര്‍ സിറ്റിയിലെ ചാര്‍നാകയില്‍ നിന്ന് ജിരാ ചൗക്കിലേക്ക് റോഡ് ഷോ നടക്കും.
യാത്ര മധ്യപ്രദേശിലെ മൊറേന, ഗ്വാളിയോര്‍, ഗുണ, രാജ്ഗഡ്, ഷാജാപൂര്‍, ഉജ്ജൈന്‍, രത്ലം എന്നീ ജില്ലകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മധ്യപ്രദേശിലെ തന്റെ യാത്രയ്ക്കിടെ സമൂഹത്തിലെ അഞ്ച് വ്യത്യസ്ത വിഭാഗങ്ങളുമായി സംവദിക്കും.