ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയാനാണ് തീരുമാനം. എന്നാല്‍ മാര്‍ച്ചിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ല. അനുമതിയില്ലെങ്കിലും മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് എഎപി തീരുമാനം. ആഹ്വാനത്തെ തുടര്‍ന്ന് നരേന്ദ്ര മോദിയുടെ വസതിയില്‍ സുരക്ഷ ശക്തമാക്കി. ദേശീയ തലസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധവും ആം ആദ്മി പാര്‍ട്ടി നടത്തും. മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കെജ്രിവാളിനെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള സമൂഹ മാധ്യമ ക്യാമ്പയിന്‍ ഇന്നലെ എഎപി ആരംഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ തടയാന്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഡല്‍ഹി പോലീസ് ഒരുക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.