ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വനിതാ വോട്ടര്‍മാരെ അഭിനന്ദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വനിതാ വോട്ടര്‍മാര്‍ റെക്കോര്‍ഡ് സംഖ്യയില്‍ എത്തിയതിന് കമ്മീഷന്‍ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് വോട്ട് ചെയ്ത എല്ലാ വനിതകളെയും അഭിനന്ദിച്ചത്. വോട്ടര്‍മാരില്‍ 31.2 കോടി പേര്‍ വനിതകളാണെന്ന് അറിയിച്ച ശേഷമായിരുന്നു കമ്മീഷന്‍ അഭിനന്ദനം അറിയിച്ചത്. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി ഇലക്ഷന്‍ കമ്മീഷന്‍ പങ്കുവെച്ചു.
64.2 കോടി പേരാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. നമുക്കെല്ലാവര്‍ക്കും ഇതൊരു ചരിത്ര നിമിഷമാണെന്ന് രാജീവ്കുമാര്‍ പറഞ്ഞു. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റീ പോളിംഗ് വേണ്ടിവന്നില്ല. 2019 നെ അപേക്ഷിച്ച് ആകെ 39 ഇടങ്ങളില്‍ മാത്രമാണ് റീപോളിംഗ് നടന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുന്നില്ലെന്ന വിമര്‍ശനത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എല്ലായ്‌പ്പോഴും സന്നിഹിതരാണെന്നും ഒരിക്കലും കാണാതായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 100 ലേറെ വാര്‍ത്താകുറിപ്പുകള്‍ ഇറക്കിയെന്നും എപ്പോഴും മാധ്യമങ്ങളുമായി തങ്ങള്‍ സംവദിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ നാല് പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇതോടെ ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.