Newsperseconds.com

ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-1ല്‍ മേല്‍ക്കൂര കാറുകള്‍ക്ക് മുകളില്‍ തകര്‍ന്നുവീണ് ഒരു മരണം; ആറു പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Capture

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍-1 ന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം കാറുകള്‍ക്ക് മുകളില്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടെര്‍മിനല്‍ 1-ല്‍ നിന്നുള്ള എല്ലാ പുറപ്പെടലുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും സുരക്ഷാ നടപടിയെന്ന നിലയില്‍ ചെക്ക്-ഇന്‍ കൗണ്ടറുകള്‍ അടച്ചതായും ഡല്‍ഹി എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു. ടെര്‍മിനല്‍-1ല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ മാത്രമാണുള്ളത്. ഇന്‍ഡിഗോയുടെയും സ്‌പൈസ് ജെറ്റിന്റെയും ഠ1 ല്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കി.

സംഭവം താന്‍ നേരിട്ടു നിരീക്ഷിച്ചു വരികയാണെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു കിഞ്ജരാപു പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. സംഭവത്തില്‍ ക്യാബുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.അപകടത്തില്‍ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. റൂഫ് ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു. ഇരുമ്പ് ബീം വീണ കാറിനുള്ളില്‍ കുടങ്ങിയ ആളെ രക്ഷപ്പെടുത്തി.

അതേസമയം, ഡല്‍ഹി-എന്‍സിആറിന്റെ വിവിധ പ്രദേശങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് തീവ്രമായ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സൗത്ത് ഡല്‍ഹിയിലെ ഗോവിന്ദ്പുരി പ്രദേശവും നോയിഡ സെക്ടര്‍ 95 ഉം വെള്ളക്കെട്ടില്‍ മുങ്ങിയതായി ദൃശ്യങ്ങള്‍ കാണിക്കുന്നു. ഡല്‍ഹിയിലും എന്‍സിആറിലും വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ്.

Share this Article

Leave a Comment