കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ പിജി ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അത്‌വാലെയുടെ നേതൃത്വത്തില്‍ ഇന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തി. അഞ്ഞൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ആര്‍പിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്‌റത്ത് ജഹാന്‍, ഡല്‍ഹി പ്രദേശ് പ്രസിഡന്റ് ഫഖ്രെ ആലം, ഉത്തരേന്ത്യന്‍ പ്രസിഡന്റ് മഞ്ജു ചിബ്ബര്‍ എന്നിവരും പങ്കെടുത്തു.
യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണെന്നും അവര്‍ രാജിവെക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. മമത ബാനര്‍ജി മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നും നുസ്‌റത്ത് ജഹാന്‍ പറഞ്ഞു. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കാനും നീതി ലഭിക്കുന്നത് തടയാനുമുള്ള സര്‍ക്കാര്‍ ശ്രമം അപലപനീയമാണെന്നും നുസ്‌റത്ത് ജഹാന്‍ പറഞ്ഞു.
തന്റെ അധികാരം ഉപയോഗിച്ചു കൊണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ട മുഖ്യമന്ത്രി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി പ്രതിഷേധങ്ങള്‍ നടത്തുകയാണെന്നും ആര്‍പിഐ പാര്‍ട്ടി പറഞ്ഞു. വനിത ഡോക്ടറുടെ കൊലപാതകത്തില്‍ നീതി തേടി വിദ്യാര്‍ഥികളും ഡോക്ടര്‍മാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടത്തുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ മമത തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോള്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമായിരുന്നു. സംസ്ഥാനത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍ അവര്‍ രാജിവയ്ക്കണമെന്നും നുസ്‌റത്ത് ജഹാന്‍ പറഞ്ഞു.