ദില്ലി: പാര്‍ലമെന്റില്‍ ഇന്ന് നടന്ന അക്രമത്തില്‍ പ്രതികളിലൊരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് പോലീസ്. 2001ലെ ഭീകരമായ പാര്‍ലമെന്റ് ആക്രമണത്തെ ഇന്ത്യ ഓര്‍ക്കുന്ന ദിവസമാണ് ലോക്‌സഭയിലേക്കുള്ള നുഴഞ്ഞുകയറ്റം. സ്പീക്കറുടെ കസേരയിലേക്ക് നുഴഞ്ഞുകയറ്റക്കാര്‍ നീങ്ങുന്ന സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്.
എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗര്‍ ശര്‍മ്മ എന്നയാളുമാണ് ലോക്‌സഭയില്‍ കളര്‍ സ്‌പ്രേ പ്രയോഗിച്ചത്. ബെംഗളുരുവിലെ വിവേകാനന്ദ സര്‍വകലാശാലയിലാണ് 35 കാരനായ ഡി മനോരഞ്ജന്‍ പഠിച്ചതെന്നും പുറത്തുവരുന്നു. നീലം (42), അമോല്‍ ഷിന്‍ഡെ (25) എന്നിവരെയാണ് ട്രാന്‍സ്പോര്‍ട്ട് ഭവനു മുന്നില്‍ നിന്ന് പിടികൂടിയതെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫോറന്‍സിക് സംഘം പാര്‍ലമെന്റ് വളപ്പില്‍ തെളിവ് ശേഖരിക്കുകയാണ്. കൂടാതെ സിആര്‍പിഎഫ് ഡിജിയും പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ ഡല്‍ഹി പോലീസ് കൊണ്ടുപോകുന്നതിനിടയിലും അവര്‍ സ്‌പ്രേ അടിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഒന്നിലധികം ഏജന്‍സികള്‍ ചോദ്യം ചെയ്തേക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.