പ്രയാഗ്രാജ്: മഥുരയിലെ ഷാഹി ഈദ്ഗാ പരിസരത്ത് കോടതി നിരീക്ഷണത്തിലുള്ള സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കി. മസ്ജിദിന്റെ സര്‍വേയുടെ മേല്‍നോട്ടം വഹിക്കാന്‍ ഒരു അഭിഭാഷക കമ്മീഷണറെ നിയമിക്കാന്‍ കോടതി സമ്മതിച്ചു.
മഥുര ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണ വിരാജ്മാന്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇത് ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങള്‍ കൈവശമുണ്ടെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നു. കൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിയിലെ വാദം.
ഡിസംബര്‍ 18ന് നടക്കുന്ന അടുത്ത ഹിയറിംഗില്‍ സര്‍വേയുടെ രീതികള്‍ ചര്‍ച്ച ചെയ്യുമെന്നും കോടതി പറഞ്ഞു. അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ പറയുന്നതനുസരിച്ച്, ഹൈകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹിന്ദു ക്ഷേത്രങ്ങളുടെ സവിശേഷതയായ താമരയുടെ ആകൃതിയിലുള്ള സ്തംഭം മസ്ജിദ് പരിസരത്ത് ഉണ്ടെന്നും ഹിന്ദു ദേവതയായ ‘ഷേഷ്നാഗിന്റെ’ ചിത്രവും അവിടെ ഉണ്ടെന്നും പറയുന്നു. തൂണിന്റെ ചുവട്ടില്‍ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാമെന്നും വാദിച്ചു.