ഫ്രാൻസിസ് മാർപാപ്പ രണ്ടുവർഷത്തിനകം ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 മധ്യത്തിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുന്ന മാർപാപ്പ കേരളവും സന്ദർശിക്കും.
പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലാണ് മാർപാപ്പ ഇന്ത്യയിലേക്കെത്തുന്ന കാര്യം പ്രധാനമന്ത്രി പറഞ്ഞത്. യേശു ഉയർത്തിയ മൂല്യങ്ങളും ജീവത്യാഗങ്ങളും ഓർക്കേണ്ട ദിനമാണെന്നും യേശു കരുണയുടെയും സ്നേഹത്തിന്റെയും പാത കാണിച്ചു തന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്തുവിന്റെ മൂല്യങ്ങള്‍ രാജ്യത്തിന്റെ വളർച്ചയ്ക്ക് വെളിച്ചമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ക്രൈസ്തവ സമൂഹം രാജ്യത്തിന് നൽകുന്ന സംഭവനകള്‍ക്കും നന്ദി അറിയിച്ചു. രാജ്യത്തിന്റെ തുടർന്നുള്ള വികസനങ്ങള്‍ക്ക് ക്രിസ്ത്യൻ സഭകൾ പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിയിൽ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. മതമേലധ്യക്ഷരും ക്രൈസ്തവ സഭയിലെ പ്രമുഖരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു. വിരുന്നിൽ രാഷ്ട്രീയം ചർച്ചയായില്ലെന്ന് സഭാ പ്രതിനിധികൾ പറഞ്ഞു.
അതേസമയം, ചടങ്ങിൽ കായികമേഖലയെക്കുറിച്ച് സംസാരിക്കാനായെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് പ്രതികരിച്ചു.