മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ 4 പേർ മരിക്കുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തൗബാൽ ജില്ലയിലുണ്ടായ വെടിവെപ്പിലാണ് 4 പേർ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ 5 ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. പൊലീസ് വേഷത്തിൽ എത്തിയ സംഘമാണ് വെടിയുതിർത്തത്. മേഖലയിൽ കൂടുതൽ സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച്ചയും മണിപ്പൂരിൽ സംഘർഷം ഉണ്ടായിരുന്നു. മോറെയിൽ അക്രമികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ആക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്കാണ് അന്ന് തീയിട്ടിരുന്നു. മണിപ്പൂരിലെ മോറെയിൽ സുരക്ഷാസേനയ്ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തിയ പോലീസ് വാഹനവ്യൂഹത്തിനു നേരെ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന അക്രമികൾക്ക് നേരെ തിരിച്ചടിച്ചു. ആക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ ഐഇഡി പ്രയോഗിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു.