പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്, ലക്ഷദ്വീപ്, എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. നാളെ ഉച്ചയോടെ കേരളത്തിലെത്തും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തുന്ന മോദി പരിപാടികളില്‍ പങ്കെടുക്കുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തും.
അടുത്ത രണ്ട് ദിവസങ്ങളില്‍, ഞാന്‍ തമിഴ്നാട്, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ശുദ്ധമായ കുടിവെള്ള വിതരണം, സൗരോര്‍ജ്ജം, ആരോഗ്യ സംരക്ഷണം എന്നിവയും മറ്റും ഉറപ്പാക്കുന്ന പദ്ധതികള്‍ ഇവിടെ ഉറപ്പു വരുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജനുവരി രണ്ടിന് തമിഴ്നാട്ടില്‍ എത്തുന്ന മോദി തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസന്‍ സര്‍വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്യും. തുടര്‍ന്ന് തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 11,00 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. രണ്ട് നിലകളുള്ള പുതിയ കെട്ടിടത്തിന് പ്രതിവര്‍ഷം 44 ലക്ഷത്തിലധികം യാത്രക്കാര്‍ക്കും തിരക്കേറിയ സമയങ്ങളില്‍ 3,500 യാത്രക്കാര്‍ക്കും സേവനം നല്‍കാനാകും. സേലം-മാഗ്‌നസൈറ്റ് ജംഗ്ഷന്‍-ഓമല്ലൂര്‍-മേട്ടൂര്‍ അണക്കെട്ട് ഭാഗത്തിന്റെ 41.4 കിലോമീറ്റര്‍ ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.