അയോധ്യ രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷത മാതാ അമൃതാനന്ദമയി ദേവിയ്ക്ക് നൽകി ആദരിച്ച് കേരളത്തിലെ മുതിർന്ന ആർഎസ്എസ് പ്രചാരക് എസ് സേതു മാധവൻ. വള്ളിക്കാവിലെ ആശ്രമത്തിലെത്തിയാണ് അക്ഷത സമ്മാനിച്ചത്. സേതുമാധവനൊപ്പം സഹ പ്രചാരകരും കേരളത്തിലെ മറ്റ് ആർഎസ്എസ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

“നമ്മുടെ ജീവിതത്തിൽ സ്ഥിരമായി നിലനിൽക്കുന്നതും എപ്പോഴും നിലനിർത്തേണ്ടത് ധർമ്മമാണ്. എങ്കിൽ മാത്രമേ സമാധാനവും സമൃദ്ധിയും നിലനിൽക്കൂ” എന്ന് അക്ഷത സ്വീകരിച്ചുകൊണ്ട് മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ”സ്വർഗ്ഗം ഭൂമിയിൽ തന്നെയാണ്, മറ്റെവിടെയുമല്ല. ധർമ്മം നിലനിറുത്തിയാൽ മാത്രമേ നമുക്ക് അത് ആസ്വദിക്കാൻ കഴിയൂ. ശ്രീരാമൻ ധർമ്മ തത്വം ഉൾക്കൊള്ളുന്നു. അകത്തും പുറത്തുമുള്ള ആ അറിവിനെ ഉണർത്താനും നിലനിർത്താനും 22-ന് നടക്കുന്ന ശ്രീരാമ പ്രാണപ്രതിഷ്‌ഠയിൽ ദീപം തെളിയിക്കും. ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ. എല്ലാവരും ആ ചിന്തയിലേക്ക് ഉണരട്ടെ. പരമാത്മാവിന് എല്ലാം സമർപ്പിച്ചുകൊണ്ട്, അമ്മ ഈ അക്ഷതയെ ദയയോടെ സ്വീകരിക്കുന്നു” – എന്ന് അമതാനന്ദമയി ദേവി പറഞ്ഞു.

ജനുവരി 22-ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേർ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. വിശിഷ്ട വ്യക്തികളുടെ വരവ് കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയിൽ സജ്ജമാക്കിയിരിക്കുന്നത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന വിശ്വാസികളെയും വിശിഷ്ട അതിഥികളെയും സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 100 ചാർട്ടേഡ് വിമാനങ്ങളാണ് അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്നത്. സുൽത്താൻപൂർ, അംബേദ്കർനഗർ, അസംഗഢ് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പുകൾക്കായി സജ്ജീരണങ്ങൾ പുരോഗമിക്കുന്നുണ്ട്.
വിശിഷ്ട അതിഥികൾക്ക് യാതൊരു തടസവുമില്ലാതെ പ്രവേശിക്കാനാകും. ഇതിനായി ക്ഷണിക്കപ്പെട്ട ഓരോ അതിഥിയുടെയും ക്ഷണത്തിൽ ഒരു ക്യുആർ കോഡ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, സർസംഘചാലക് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് പുറമെ 8000-ത്തിലധികം വിശിഷ്ട വ്യക്തികളാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്.