മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട്ടെ ജനങ്ങള്‍ ഇന്ന് വിധികുറിക്കുന്നു. രാവിലെ ഏഴ് മുതല്‍ പോളിങ് ആരംഭിച്ചു കഴിഞ്ഞു. വൈകിട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് പാലക്കാട് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ യുഡിഎഫിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി സരിനും എന്‍ഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.
മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലക്കാട്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലത്തില്‍ ഭൂരിപക്ഷം ഒരിഞ്ച് പോലും കുറയാതെ നിലനിര്‍ത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എല്‍ഡിഎഫിലേക്ക് മാറിയ പി സരിന്റെ സ്ഥാനാര്‍ത്ഥിത്വവും ഏറെ പ്രതീക്ഷയാണ് ഇടതിന് നല്‍കുന്നത്. സരിനിലൂടെ പാലക്കാട് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തില്‍ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്.
പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയില്‍ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ്. സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പാലക്കാട്ടെ ജനങ്ങള്‍ക്കിടയില്‍ ജനകീയനുമാണ്. എന്നാല്‍ അവസാന നിമിഷം ഉണ്ടായ സംഘടനാപരമായ പ്രശ്‌നങ്ങളും, സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടി അനുഭാവികളല്ലാത്ത വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കും എന്നതും നിര്‍ണ്ണായകമാണ്.