കൊച്ചി: അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു. 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ ഇന്ന് രാവിലെ കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുണ്ടെന്നും സവാദിനെ എറണാകുളം സബ് ജയിലിലേക്ക് അയക്കണമെന്നുമുള്ള എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് സവാദിനെ റിമാന്‍ഡില്‍ വിട്ടത്. ഷാജഹാന്‍ എന്ന പേരിലാണ് സവാദ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. മട്ടന്നൂരില്‍ ആശാരിപ്പണി ചെയ്ത് പേര് മാറ്റി ജീവിച്ച് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.