ന്യൂഡല്‍ഹി: ജനുവരി 22 ന് നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒഴിവാക്കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു. ക്ഷേത്ര ഉദ്ഘാടനം തിരഞ്ഞെടുപ്പ് നേട്ടത്തിനായി തന്ത്രപരമായി നടത്തുന്നതാണെന്നും ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരായ പാര്‍ട്ടി നേതാക്കളെല്ലാം ക്ഷണം നിരസിച്ചു. ഇവര്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്നതില്‍ ഇത് വരെ വ്യക്തത ഇല്ലായിരുന്നു. എന്നാല്‍ ‘ഇന്ത്യ’ സഖ്യത്തിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്നാണ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം കോണ്‍ഗ്രസ് പറയുന്നത്.