ശബരിമല മകര വിളക്കിനായുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് മുന്നോടിയായി തിരുവാഭരണം പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിലെ സ്ട്രോങ്ങ് റൂമിൽ നിന്നും പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നും യാത്ര പുറപ്പെടും. പരമ്പരാഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് ഘോഷയാത്ര എത്തും.

കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. കൊട്ടാരം പ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല.
15 ന് വൈകിട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.

മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ശബരിമലയിൽ അവസാന ഘട്ടത്തിലാണ്. പുൽമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശനം സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമേ ജില്ലയിലെ ഒൻപത് ഇടങ്ങളിൽ മകരജ്യോതി ദർശിക്കാനുള്ള സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കും.