ബിജെപിക്കെതിരെ വിമര്‍ശനവുമായി കെസിബിസി. ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. തല്ലും തലോടലും ഒരുമിച്ച് പോകില്ല എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു വശത്ത് വിരുന്നൊരുക്കുകയും മറുവശത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്‍ പറയുന്നു.
ഇന്ത്യയില്‍ പ്രതിദിനം ശരാശരി രണ്ട് അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നുണ്ട്. വര്‍ഷം തോറും ഈ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കള്ളക്കേസുകളില്‍ പെടുത്തല്‍, ദേവാലയങ്ങള്‍ നശിപ്പിക്കല്‍, തുടങ്ങിയവയാണ് ഇവ. ഇതെല്ലാം നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയും. ക്രൈസ്തവ നേതൃത്വവുമായി സമവായമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് സഭയുടെ പ്രോത്സാഹനമില്ലെന്നും ദീപിക ലേഖനം ചൂണ്ടിക്കാട്ടുന്നു.
വിരുന്നുകള്‍ സംഘടിപ്പിക്കുന്നതടക്കം നടക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഇതരമതവിരോധം കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങളെ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം വിരുന്നുകളും സന്ദര്‍ശനങ്ങളും പ്രഹസനമാകുമെന്നും ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്‍ പറയുന്നു.