രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നെടുമ്പാശ്ശേരിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50നാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ അദ്ദേഹം നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രതിരിച്ചു.
ഏറെ വൈകാതെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിക്കും. നേവൽ ബേസിൽ നിന്ന് റോഡ് മാർഗമാവും പ്രധാനമന്ത്രി ഇവിടേക്കെത്തുക. കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവദേക്കർ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലുണ്ടായിരുന്നു.
രാത്രി 7.30 ഓടെ റോഡ് ഷോ തുടങ്ങും. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി, ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോ മീറ്റർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റ് രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. ഇതിന് ശേഷമാകും ദില്ലിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും. ഒപ്പം തന്നെ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.