പാർട്ടി അനുഭാവികളായ നിക്ഷേപകരെ സിപിഐഎം വഞ്ചിച്ചുവെന്ന് കരുവന്നൂർ നിക്ഷേപകൻ ജോഷി. ബാങ്കിൽ പ്രതിസന്ധി ഉണ്ടായപ്പോൾ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും പണം പിൻവലിച്ചു. എന്നാൽ പാർട്ടി അനുഭാവികളായ നിക്ഷേപകരുടെ മാത്രം പണം മടക്കി നൽകാൻ നടപടി ഉണ്ടായതുമില്ലെന്നും ജോഷി കുറ്റപ്പെടുത്തി.
പാർട്ടി അനുഭാവികളായ നിക്ഷേപകരെ സിപിഐഎം വഞ്ചിച്ചുവെന്നാരോപിച്ച് മാപ്രാണം സ്വദേശി കഴിഞ്ഞ ദിവസം ജോഷി ദയാവധത്തിന് അനുമതി തേടിയിരുന്നു. ബാങ്കിനെ തകർത്തത് സിപിഐഎം നേതാക്കൾ തന്നെയാണ്. പണം ചോദിച്ചു ചെന്നാൽ ആളുകളെ നിഷേധിക്കുന്ന സമീപനമാണ് അഡ്മിനിസ്ട്രേറ്ററുടേതെന്നും പാർട്ടി ഓഫീസിൽ നിന്ന് പറയുന്നത് പ്രകാരമാണ് അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നതെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നിട്ടും ഗുണമുണ്ടായില്ലെന്നും ജോഷി പറയുന്നു.
ജോഷി ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. 84 ലക്ഷം രൂപയാണ് ജോഷിയുടെ കണക്കുപ്രകാരം കരുവന്നൂർ ബാങ്കിൽ നിന്ന് ലഭിക്കാൻ ഉള്ളത്. ബാങ്കിന്റെ കണക്കുപ്രകാരം 72 ലക്ഷം രൂപയാണ് ജോഷിക്ക് ലഭിക്കാൻ ഉള്ളത്.
രണ്ടുതവണ ബ്രെയിൻ ട്യൂമർ ബാധിച്ച ജോഷിയെ 20ലധികം തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ചികിത്സയ്ക്കു ഉൾപ്പെടെ പണമില്ലാതെ പ്രതിസന്ധിയിൽ ആയതോടെ പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നിക്ഷേപത്തുക മടക്കി നൽകിയിരുന്നില്ല. കോടതിയെ സമീപിച്ചതോടെ സമൂഹത്തിൽ തീർത്തും ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായതെന്നും ജോഷി പറയുന്നു.