Newsperseconds.com

ദിലീപ് ചിത്രം ‘തങ്കമണി’ സിനിമയിൽ നിന്ന് സാങ്കൽപ്പിക ബലാൽസംഗ രംഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി

Untitled Design (91)

‘തങ്കമണി’ സിനിമയിൽ നിന്ന് സാങ്കൽപ്പിക ബലാൽസംഗ രംഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി. യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശി വി ആർ വിജുവാണ് ഹർജി നൽകിയിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിൽ നിന്ന് ഇത്തരം രംഗങ്ങൾ ചിത്രത്തിലുള്ളതായി വ്യക്തമാകുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഹർജി അടുത്തയാഴ്ച പരിഗണിക്കും.

1986- ലെ തങ്കമണി സംഭവത്തിന്റെ വികലമായ ചിത്രീകരണമാണ് ടീസറിൽ വ്യക്തമാകുന്നതെന്നാണ് ഹർജിയിലെ ആരോപണം. നാട്ടിലെ പുരുഷന്മാർ വയലിൽ ഒളിഞ്ഞിരിക്കുന്നതും സ്ത്രീകളെ പൊലീസ് മാനംഭംഗപ്പെടുത്തുന്നതും ടീസറിലുണ്ട്. തങ്കമണിയിൽ അന്ന് അത്തരം സംഭവമുണ്ടായതായി തെളിവോ രേഖകളോ ഇല്ലെന്നും ഹർജിയിൽ പറയുന്നു. ‘തങ്കമണി’ ഗ്രാമവാസികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനിടയാക്കുമെന്നും പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതും മറ്റൊരാളുടെ കാലുകൾ നഷ്ടമായതുമാണ് യാഥാർഥ്യം. വിദ്യാർഥികളും ‘എലൈറ്റ്’ എന്ന സ്വകാര്യബസിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. ഇതല്ലാതെ മറ്റ് രം​ഗങ്ങൾ തങ്കമണിയിലെ ഗ്രാമീണരോടുള്ള വിവേചനമാണ്. മൗലികാവകാശ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, ജനപ്രിയ നടൻ ദിലീപിന്റെ കരിയറിലെ 148 മത്തെ ചിത്രമാണ് തങ്കമണി. നീത പിളള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തില്‍ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, എന്നിവര്‍ക്കൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Share this Article

Leave a Comment