തിരുവനന്തപുരം: ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെ ട്രയല്‍ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തി. തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ ബസ് കെഎസ്ആര്‍ടിസി വാങ്ങിയ രണ്ട് ഓപ്പണ്‍ ബസുകളിലൊന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരേയും ഇരുത്തിയാണ് ഗണേഷ്‌കുമാര്‍ ബസ് ഓടിച്ചത്. കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ , ജോയിന്റ് മാനേജിങ് ഡയറക്ടര്‍ പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ ബസില്‍ യാത്ര ചെയ്തു.
തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാനാണ് ഈ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് ഉപയോഗിക്കുക. ഒരുപാട് പ്രത്യേകതകളും ഈ ബസിനുണ്ട്. അതിഗംഭീരമായി രൂപകല്‍പ്പന ചെയ്ത ബസ് മുംബൈയില്‍ നിന്നാണ് എത്തിയത്. സൗകര്യപ്രദമായ സീറ്റിംഗ് ആണ് ബസിന്റെ ഒരു പ്രത്യേകത. യാത്രക്കാര്‍ക്ക് ടിവി കാണാം, പാട്ട് കേള്‍ക്കാം. അഞ്ച് ക്യാമറകള്‍ ബസിനകത്തുണ്ട്. താഴത്തെ നിലയില്‍ 30 സീറ്റുകളും മുകളില്‍ 35 സീറ്റുകളുമുണ്ട്.