ഡല്‍ഹി: ബില്‍ക്കിസ് ബാനോ കേസിലെ പ്രതികള്‍ക്ക് കീഴടങ്ങാനുള്ള സമയം നീട്ടാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് 11 പ്രതികളും ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്ര സബ് ജയിലില്‍ ഞായറാഴ്ച രാത്രി കീഴടങ്ങി. 11 പ്രതികളും ഞായറാഴ്ച രാത്രി വൈകി ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
2008ല്‍ മുംബൈ കോടതിയില്‍ നിന്ന് 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഗുജറാത്ത് പോലീസ് 2022 ഓഗസ്റ്റില്‍ വിട്ടയച്ചു. ജനുവരി 8 ന് സുപ്രീം കോടതി അവരുടെ മോചനം റദ്ദാക്കുകയും ഉത്തരവിന്റെ തീയതി മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലിലേക്ക് മടങ്ങാന്‍ ഉത്തരവിടുകയും ചെയ്തു.
വിവിധ കാരണങ്ങളാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഈ ആഴ്ച ആദ്യം പ്രതികളും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ജനുവരി 19ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് കീഴടങ്ങാന്‍ രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അനാരോഗ്യം, ശീതകാല വിളവെടുപ്പ്, മകന്റെ വിവാഹം എന്നീ കാരണങ്ങള്‍ കൊണ്ട് കുറ്റവാളികള്‍ സമയം നീട്ടമെന്ന് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.