Newsperseconds.com

ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ 11.30ന് ആരംഭിക്കും; 12:29:08 നും 12:30: 32 നും ഇടയിലെ 84 സെക്കന്‍ഡിനുള്ളിൽ ചടങ്ങുകള്‍ നടക്കും

Untitled Design (68)

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ 11.30ന് ആരംഭിക്കും. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും ഉത്തമ സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. 84 സെക്കന്‍ഡിനുള്ളിലാണ് ചടങ്ങുകള്‍ നടക്കുക. അഭിജിത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഏറ്റവും ശുഭകരമായ സമയമാണ് പ്രതിഷ്ഠാ ചടങ്ങിനുള്ള ഏറ്റവും നല്ല ഗ്രഹസ്ഥാനമായി പുരോഹിതര്‍ കണക്കാക്കിയിരിക്കുന്നത്. അഭിജിത് മുഹൂര്‍ത്തം രാവിലെ 11.51ന് ആരംഭിച്ച് 12.33 വരെ തുടരും.

ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലര്‍ച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്‌നാനം നടത്തിയത്. കണ്ണുകള്‍മൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.

പ്രതിഷ്ഠാ ചടങ്ങിന്റെ മുഖ്യയജമാനന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് മോദി എക്‌സില്‍ കുറിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും സമ്പന്നമാക്കുമെന്നും മോദി പറഞ്ഞു.

പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയും. ഡല്‍ഹി ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലും സമാനമായ രീതിയില്‍ മണ്‍ചിരാതുകള്‍ കത്തിക്കുന്നുണ്ട്. അയോധ്യ അടക്കം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും നടക്കും.

മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് ഉത്സവ ബിംബമായി ക്ഷേത്രത്തിൽ ഉണ്ടാവും.

Share this Article

Leave a Comment