ഐസ്വാള്‍: മ്യാന്മര് സൈനിക വിമാനം ഐസ്വാളിന്റെ പ്രാന്തപ്രദേശത്തുള്ള ലെങ്പുയി വിമാനത്താവളത്തിനടുത്ത് തകര്‍ന്നുവീണു. വംശീയ വിമത ഗ്രൂപ്പായ അരകന്‍ ആര്‍മിയുമായുള്ള വെടിവയ്പിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് കടന്ന മ്യാന്മര് സൈനികരെ തിരികെ കൊണ്ടുപോകുന്നതിനാണ് വിമാനം ഇവിടെ എത്തിയതെന്ന് അവര്‍ പറഞ്ഞു.
വിമാനത്തില്‍ ആറ് പേരുണ്ടായിരുന്നുവെന്നും അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ലാന്‍ഡിംഗിനിടെ വിമാനത്താവളത്തിന്റെ ടേബിള്‍ടോപ്പ് റണ്‍വേയ്ക്ക് മുകളില്‍ തെറിച്ച് വീഴുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ വിമാനം രണ്ടായി പിളര്‍ന്നുവെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച 276 മ്യാന്മര് സൈനികര്‍ മിസോറാമില്‍ പ്രവേശിച്ചിരുന്നു. അവരില്‍ 184 പേരെ തിങ്കളാഴ്ച തിരിച്ചയച്ചതായി അധികൃതര്‍ അറിയിച്ചു. മ്യാന്മറിലെ റാഖൈന്‍ സംസ്ഥാനത്തെ സിറ്റ്വെയിലേക്ക് ഇവരെ കൊണ്ടുപോകേണ്ടതായിരുന്നു വിമാനം. അപ്പോഴാണ് ്പകടം ഉണ്ടായത്.