Newsperseconds.com

ഗവര്‍ണറുടേത് നിയമസഭയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Untitled Design (23)

ഗവര്‍ണറുടെ അസാധാരണ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നാടകത്തിന്റെ അന്ത്യമാണ് നിയമസഭയില്‍ കണ്ടത്. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ രക്ഷയ്‌ക്കെത്തുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ നിയമസഭയെ കൊഞ്ഞനംകുത്തിയെന്നാണ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത്.

സര്‍ക്കാരിന്റേത് പൊള്ളയായ നയപ്രഖ്യാപന പ്രസംഗമാണെന്നും ഇത്രയും മോശമായ നയപ്രഖ്യാപന പ്രസംഗം കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറ‍ഞ്ഞു. ജനങ്ങളുടെ പ്രതിസന്ധികളെക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒന്നും പറയുന്നില്ല. പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കാര്യമായ വിമര്‍ശനങ്ങളുമുണ്ടായിരുന്നില്ല. കേന്ദ്ര ഏജന്‍സികളെ ഭയന്ന് ഡല്‍ഹിയിലെ സമരം മുഖ്യമന്ത്രി സമ്മേളനമാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ എ എൻ ഷംസീർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.

ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിക്കാന്‍ ഗവര്‍ണര്‍ വിനിയോഗിച്ചത്. മുഖ്യമന്ത്രി പൂച്ചണ്ട് നല്‍കി സ്വീകരിച്ച വേളയില്‍പ്പോലും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖത്ത് നോക്കിയിരുന്നില്ല.

കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍, മണിപ്പൂര്‍ വിഷയത്തിലെ നിലപാട്, സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്റെ ജനങ്ങള്‍, എന്റെ സര്‍ക്കാര്‍ മുതലായ അഭിസംബോധനകളും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസം​ഗത്തിന്റെ ആമുഖത്തിൽ നിന്ന് ഒഴിവാക്കി. മണിപ്പൂര്‍ വിഷയം മുന്‍നിര്‍ത്തി എന്റെ സര്‍ക്കാര്‍ എല്ലാവിധ വംശഹത്യകള്‍ക്കും മനുഷ്യരാശിയ്‌ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളേയും അപലപിക്കുന്നുവെന്നുള്ള ഭാഗങ്ങളും ഗവര്‍ണര്‍ വായിച്ചിരുന്നില്ല.

Share this Article

Leave a Comment