റിയാദ്: സൗദി അറേബ്യ റിയാദില്‍ തങ്ങളുടെ ആദ്യത്തെ മദ്യശാല തുറക്കാന്‍ തയ്യാറെടുക്കുന്നു. ഇത് മുസ്ലീം ഇതര നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും സേവനം നല്‍കുക. ഉപഭോക്താക്കള്‍ ഒരു മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടുകയും വേണം.
അതേ സമയം, മദ്യവില്‍പ്പനക്ക് ഒരുപാട് നിയന്ത്രമങ്ങളുമുണ്ട്. 21 വയസ്സിന് താഴെ പ്രായമുളളവര്‍ക്ക് മദ്യം വില്‍ക്കില്ല. നല്ല വസ്ത്രം ധരിച്ച് ആയിരിക്കണം മദ്യം വാങ്ങിക്കാന്‍ എത്തേണ്ടത്. മദ്യപിക്കുന്നവര്‍ മദ്യം വാങ്ങാന്‍ പകരക്കാരനെ അയയ്ക്കാന്‍ പാടില്ല. മുസ്ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് വ്യക്തമല്ല. ദശലക്ഷക്കണക്കിന് പ്രവാസികള്‍ സൗദി അറേബ്യയില്‍ താമസിക്കുന്നുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും ഏഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള മുസ്ലീം തൊഴിലാളികളാണ്.
ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദി അറേബ്യയില്‍ മദ്യവില്‍പ്പന ഇല്ലായിരുന്നു. വിനോദസഞ്ചാരത്തിനും ബിസിനസ്സിനും തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ നാഴികക്കല്ലാണ് ഈ നീക്കം. വരും ആഴ്ചകളില്‍ സ്റ്റോര്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്ലാനുകളെ കുറിച്ച് പരിചയമുള്ള ഒരു സ്രോതസ്സ് പറഞ്ഞു. പ്രതിമാസ ക്വാട്ട നടപ്പിലാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.