തിരുവനന്തപുരം: വയനാട് ജില്ലയിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വവ്വാലുകളിൽ നിന്നാണ് വെെറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. സുൽത്താൻബത്തേരി, മാനന്തവാടി മേഖകളിൽ കൂടുതൽ വവ്വാലുകളുടെ സാന്നിധ്യം ഉള്ളതായും ഇവ വൈറസിന് കാരണമാകുന്നതായും ഐസിഎംആർ സ്ഥിരീകരിച്ചു. അതേസമയം, നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ഇൻക്യൂബേഷൻ പിരീഡ് നാളെ കഴിയുമെന്നും മന്ത്രി അറിയിച്ചു.
70 ശതമാനം വരെ മരണ നിരക്ക് കൂടുതലുള്ള പകർച്ച വ്യാധിയാണ് നിപയെന്നും അതിനെ 33 ശതമാനത്തിലേക്ക് എത്തിച്ച് നിയന്ത്രിക്കാനായി വേണ്ട നടപടികൾ ആദ്യമേ തന്നെ സ്വീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുപുറമേ, രോഗലക്ഷണങ്ങളുമായി വരുന്നവരെ പരിചരിക്കുന്നതിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
നിലവിൽ കോഴിക്കോട് ജില്ലയ്ക്ക് മാത്രമായി എസ്ഒപി തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് നാളെ മുതൽ പ്രവർത്തനമാരംഭിക്കും.
അതേസമയം,നിയമനത്തട്ടിപ്പ് വിവാദത്തിൽ അന്വേഷണം കഴിഞ്ഞ ശേഷം പ്രതികരിക്കുമെന്നും മന്ത്രി ആവർത്തിച്ചു. 108 ആംബുലൻസ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന പരാതിയിൽ പ്രതികരണം അറിയിച്ച മന്ത്രി, സെപ്റ്റംബർ മാസത്തെ ശമ്പളമാണ് മുടങ്ങിയതെന്നും അത് ഉടൻ നൽകുമെന്നും അറിയിച്ചു. 108 ആംബുലൻസ് നടത്തുന്ന ഏജൻസി പരാതി ഒന്നും അറിയിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.