ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. അരാരിയില്‍ നിന്ന് പര്യടനം ആരംഭിക്കും. മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ബിഹാറിലെ അരാരിയയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കാതെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ പ്രസംഗം. പൂര്‍ണിയയില്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള റാലി കൂടിയാണ് പൂര്‍ണിയയില്‍ നടക്കുന്നത്.
ഭാരത് ജോഡോ ന്യായ് യാത്ര തിങ്കളാഴ്ച ബിഹാറില്‍ പ്രവേശിച്ചത് കനത്ത മുസ്ലീം ജനസംഖ്യയുള്ളതും പാര്‍ട്ടിയുടെ ശക്തികേന്ദ്രവുമായ കിഷന്‍ഗഞ്ച് ജില്ലയിലൂടെയാണ്. 2020ലെ അസംബ്ലി തിരഞ്ഞെടുപ്പ് പരാജയപ്പെട്ടതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായിട്ടാണ് ബീഹാറിലേക്ക് പ്രവേശിച്ചത്. അവിടെ മത്സരിച്ച 70 സീറ്റുകളില്‍ 19 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്.