രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ജാർഖണ്ഡിൽ പര്യടനം തുടരുന്നു. പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ നിന്നാണ് രാവിലെ ന്യായ് യാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം ജാർഖണ്ഡിൽ പ്രവേശിക്കും. കാൽനടയായും ബസിലുമായാണ് ഇന്നത്തെ യാത്ര.
കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യ സർക്കാരിൻ്റെ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കെയാണ് യാത്ര സംസ്ഥാനത്ത് എത്തുന്നത്.
അതേസമയം, നിലവിലെ ഗതാഗത മന്ത്രി ചംപയ് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ സോറനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു. പത്ത് ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ആവശ്യം.
ഇഡിയുടെ അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്ത് ഹേമന്ത് സോറൻ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം ജനുവരി 31നായിരുന്നു ഹേമന്ത് സോറന്റെ അറസ്റ്റ്.