കോഴിക്കോട്: ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എന്‍ഐടിക്ക് മുന്നില്‍ എബിവിപി പ്രതിഷേധം. നാഥുറാം വിനായക ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ടതിന് പിന്നാലെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ഗോഡ്സെയുടെ ചിത്രം കത്തിച്ചു. ഗോഡ്സയെ മഹത്വല്‍ക്കരിച്ച അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കി കൊണ്ടാണ് സമരം നടത്തിയത്.
അതേ സമയം, അധ്യാപികക്കെതിരെ കേന്ദ്രമന്ത്രിക്കും യുജിസിക്കും പരാതി നല്‍കും. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യയുടെ ഭൂപടം കാവിനിറത്തില്‍ വരച്ചു കൊണ്ടുള്ള ഒരു വിഭാഗം വിദ്യാര്‍ഥികളുടെ ആഘോഷത്തെ പിന്തുണക്കുകയാണ്. എല്ലാവര്ക്കും ആവിഷ്ക്കാര സ്വാതന്ത്ര്യം ഉണ്ടെന്നും എബിവിപി പറഞ്ഞു. ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ അധ്യാപികയില്‍ നിന്ന് വിശദീകരണം തേടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എന്‍.ഐ.ടി ഡയറക്ടര്‍ പറഞ്ഞു.
അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കോഴിക്കോട് എന്‍ ഐടിയില്‍ സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ കാവിനിറത്തില്‍ ഇന്ത്യയുടെ ഭൂപടം വരക്കുകയും ജയ്ശ്രീറാം മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ നടന്ന വിദ്യാര്ത്ഥിസംഘര്ഷത്തിനു പിന്നാലെയാണ് ഈ സംഭവം. വിവാദം പൊട്ടിപുറപ്പെട്ടിട്ടും കമന്റ് പിന്‍വലിക്കാന്‍ അധ്യാപിക തയ്യാറായില്ല.
അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന് വിവാദത്തിനിടയാക്കിയ കമന്റിട്ടത്. അധ്യാപികയുടെ കമന്റ് ഇങ്ങനെയായിരുന്നു, ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയില്‍ അഭിമാനം കൊള്ളുന്നു’). സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തു.