കൊല്ലം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന കേരളപദയാത്രയില്‍ ബിഡിജെഎസിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് പരാതി. കൊല്ലത്ത് ബിഡിജെഎസ് നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടം ക്രമീകരിക്കാതെ അവഗണിച്ചതിലാണ് രോഷം പ്രകടിപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുമ്പോഴാണ് തുടക്കത്തില്‍ തന്നെ പിണക്കങ്ങള്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയ്ക്ക് ഒരു ലക്ഷത്തിലധികം വോട്ട് കിട്ടിയ മണ്ഡലമാണിത്. ഈഴവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലം കൂടിയാണിത്.
വേദിയില്‍ ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റിനും ജില്ലാ അദ്ധ്യക്ഷനും ഇരിപ്പിടം ക്രമീകരിച്ചില്ലെന്ന് പറഞ്ഞാണ് പിണക്കത്തിന് തുടക്കം. ആരോഗ്യപരമായിട്ട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടും വേദിയിലെത്തിയ സംസ്ഥാന ഉപാധ്യക്ഷന്‍ തഴവ സഹദേവന് വേദിയില്‍ ഇരിപ്പിടം ക്രമീകരിക്കാതെ അവഗണിച്ചുവെന്നായിരുന്നു രണ്ടാമത്തെ പരാതി. ബിഡിജെഎസ് ജില്ലാ അദ്ധ്യക്ഷന്‍ സന്ദീപ് പച്ചയിലില് ഇരിപ്പിടം സംസ്ഥാന ഉപാധ്യക്ഷനായി നല്‍കേണ്ടി വന്നു. പരിപാടിയില്‍ ആശംസ അറിയിക്കാന്‍ പോലും ബിഡിജെഎസ് ഭാരവാഹികളെ വിളിച്ചില്ലെന്നും പരാതി അറിയിച്ചു.