Newsperseconds.com

ഡല്‍ഹി ചലോ മാര്‍ച്ച്; നാളെ 2500 ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലെത്തും; കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്

Capture

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ 15,000 മുതല്‍ 20,000 വരെ കര്‍ഷകര്‍ ഫെബ്രുവരി 13 ന് 2,000 മുതല്‍ 2,500 വരെ ട്രാക്ടറുകളില്‍ ഡല്‍ഹിയിലെത്തും. ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ കര്‍ഷക സംഘടന നേതാക്കളെ കാണും. വൈകിട്ട് 5 മണിക്ക് ചണ്ഡിഗഢിലാണ് ചര്‍ച്ച.

നിശ്ചയിച്ച മാര്‍ച്ചിന് മുമ്പ് കര്‍ഷക സംഘടനകള്‍ 40 റിഹേഴ്‌സലുകള്‍ നടത്തിയെന്നും അതില്‍ 10 എണ്ണം ഹരിയാനയിലും 30 പഞ്ചാബിലുമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബില്‍, ഈ റിഹേഴ്‌സലുകളില്‍ ഭൂരിഭാഗവും അതിര്‍ത്തി ജില്ലയായ ഗുരുദാസ്പൂരിലാണ് നടന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമരവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകള്‍ നൂറോളം യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കാര്‍, ബൈക്ക്, മെട്രോ, റെയില്‍, ബസ് എന്നിവയില്‍ കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് വരാം. അംബാല-ശംഭു, ഖനൗരി-ജിന്ദ്, ദബ്വാലി അതിര്‍ത്തികളില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനാണ് കര്‍ഷകര്‍ ഉദ്ദേശിക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്ന നിയമം കൊണ്ടുവരിക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകള്‍ മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. സാമൂഹിക വിരുദ്ധര്‍ ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കര്‍ഷകരില്‍ ചിലര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ ഔദ്യോഗിക വസതികള്‍ക്ക് പുറത്ത് ഒത്തുകൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

Share this Article

Leave a Comment