പാലക്കാട്: പാലക്കാട് പെരുവെമ്പ് ആള്‍ക്കൂട്ട കൊലപാതകത്തില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ്. മാനസികാരോഗ്യം കുറഞ്ഞ യുവാവിനെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊല്ലപ്പെടുത്തിയ കേസിലാണ് നിര്‍ണ്ണായക വിധി വന്നത്. പാലക്കാട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്കറ്റ് കോടതിയുടേതാണ് വിധി. പെരുവെമ്പ് തോട്ടുപാലംവീട്ടില്‍ പരേതനായ പൊന്നന്റെ മകന് രാജേന്ദ്രനാണ് (34) കൊല്ലപ്പെട്ടത്.
മരിച്ച രാജേന്ദ്രന്റെ അമ്മ രുഗ്മിണി കഴിഞ്ഞ 14 വര്‍ഷമായി മകന് നീതി ലഭിക്കാന്‍ നിയമ പോരാട്ടത്തിലായിരുന്നു. പെരുവെമ്പ് കിഴക്കേ തോട്ടുപാലം സ്വദേശികളായ വിജയന് (53), കുഞ്ചപ്പന്‍ (64), ബാബു (50), മുരുഗന് (44), മുത്തു (74), രമണന് (45), മരുളീധരന്‍ (40), രാധാകൃഷ്ണന് (61) എന്നിവരാണ് പ്രതികള്‍. 2018-ല്‍ ആരംഭിച്ച വിചാരണ നടപടികള്‍ക്കുശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. 2010 മാര്‍ച്ച് 9 നാണ് രാജേന്ദ്രനെ പ്രതികള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.