ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ പ്രത്യേക പിഎംഎല്‍എ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഫെബ്രുവരി 22വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. സോറന് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ രാജീവ് രഞ്ജന്‍ പറഞ്ഞു. കോടതിയില്‍ നിന്ന് സോറനെ റാഞ്ചിയിലെ ഹോത്വാറിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ ഏഴ് മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ജനുവരി 31 ന് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് മുമ്പ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അനധികൃത സ്ഥാവര സ്വത്തുക്കള്‍ സമ്പാദിച്ചതും കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാള്‍ പ്രതിയായത്. സോറനും കൂട്ടാളിയെന്ന് ആരോപിക്കപ്പെടുന്ന ബിനോദ് സിംഗും തമ്മിലുള്ള വാട്ട്സ്ആപ്പ് സംഭാഷണമാണ് ഇഡി തെളിവുകള്‍ ഹാജരാക്കിയത്.