ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. മൂന്നാമത്തെ ചര്‍ച്ചയിലും കാര്യമായ പുരോഗതിയുണ്ടായില്ല. താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8.45 ഓടെ ആരംഭിച്ച യോഗം അഞ്ച് മണിക്കൂറോളം നീണ്ടു.
അതേ സമയം, പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള രണ്ട് അതിര്‍ത്തി പോയിന്റുകളില്‍ തങ്ങള്‍ സമരം തുടരുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പുനല്‍കുന്ന നിയമം ഉള്‍പ്പെടെ കര്‍ഷക സംഘടനകളുടെ വിവിധ ആവശ്യങ്ങളില്‍ കേന്ദ്രത്തെ പ്രതിനിധീകരിച്ച് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി മുണ്ട, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചര്‍ച്ചകള്‍ തുടരുമെന്നും ഞായറാഴ്ച വൈകീട്ട് ആറിന് വീണ്ടും യോഗം ചേരുമെന്നും ഒന്നിച്ചിരുന്ന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക നേതാക്കളും സര്‍ക്കാരും തമ്മില്‍ വിശദമായ ചര്‍ച്ച നടന്നതായി മാന്‍ പറഞ്ഞു. ഇരുവിഭാഗവും തമ്മിലുള്ള മൂന്നാംഘട്ട ചര്‍ച്ചയായിരുന്നു ഇത്. ഫെബ്രുവരി 8, 12 തീയതികളില്‍ നടന്ന രണ്ട് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍ തുടര്‍ന്നു.