Newsperseconds.com

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; ഒളിവില്‍ക്കഴിയുന്ന പ്രതികള്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങും

Capture

തൃശൂര്‍: കേരളം കണ്ട ഏറ്റവും വലിയ മണിചെയിന്‍ തട്ടിപ്പായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ക്കഴിയുന്ന പ്രതികള്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങും. കമ്പനി ഉടമ പ്രതാപന്‍, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവര്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങും. പ്രതികള്‍ രാവിലെ ഇഡി ഓഫീസില്‍ ഹാജരാകുമെന്നാണ് അഭിഭാഷകര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തൃശ്ശൂരില്‍ വീട്ടില്‍ റെയ്ഡ് നടക്കുന്നതിനിടെയാണ് പ്രതികള്‍ ഇഡിയുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്.

പ്രതാപനും ഭാര്യയും സഹായി ശരണ്‍ കടവത്തും രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായിട്ടാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത്. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങിയാല്‍ അക്കൗണ്ടിലേക്ക് പണം ഇരട്ടിയായി വരുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ഇടപാടുകാര്‍ ലക്ഷകണക്കിനു രൂപയാണ് ഹൈറിച്ചില്‍ ഇന്‍വെസ്റ്റ് ചെയ്തത്. എച്ച് ആര്‍ ക്രിപ്‌റ്റോ കൊയിന്‍ ഇറക്കിയും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.

Share this Article

Leave a Comment