തിരുവനന്തപുരം: അക്യുപങ്ചര്‍ ചികിത്സയിലൂടെ ഭാര്യയുടെ പ്രസവം വീട്ടില്‍ നടത്താന്‍ ശ്രമിച്ച കേസില്‍ നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. കേസിലെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. ഈ സ്ത്രീ ഒളിവിലാണ്. മനപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസ്.
അക്യുപങ്ചര്‍ ചികിത്സരീതി പ്രയോഗിച്ചാണ് പ്രസവമെടുക്കാന്‍ നയാസും ആദ്യഭാര്യയും മകളും ശ്രമിച്ചത്. പ്രസവത്തിനിടെ ഷമീറ മരിക്കുന്ന സമയം ആദ്യഭാര്യയും മകളും അടുത്തുണ്ടായിരുന്നു. മകള്‍ അക്യുപങ്ചര്‍ ചികിത്സ പഠിച്ചതിനാല്‍ അത് പ്രയോഗിച്ച് സുഖപ്രസവം നടത്താനാണ് മൂന്ന് പേരും ശ്രമിച്ചത്. ഗര്‍ഭിണിയായിരുന്ന സമയത്ത് ഷമീറയെ ഒരിക്കല്‍പോലും ഡോക്ടറെ കാണിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്.
അക്യുപങ്ചറിലൂടെ സുഖപ്രസവം നടക്കുമെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പോകാന്‍ അനുവദിക്കാതെ നയാസ് യുവതിയുടെ ചികിത്സ നിഷേധിച്ചത്. നേമം കാരയ്ക്ക മണ്ഡപത്തിലുള്ള വാടക വീട്ടില്‍ ഷമീറ മരിക്കുമ്പോള്‍ മുന്‍ ഭാര്യയും മകളും ഉള്‍പ്പടെ ഉണ്ടായിരുന്നത് ചോദ്യം ചെയ്യലില്‍ നയാസ് തുറന്ന് സമ്മതിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന ഷമീറയെ ആധുനിക ചികിത്സകള്‍ക്ക് വിധേയയാക്കാതെ വീട്ടില്‍ തന്നെ പ്രസവം നടത്തുന്നതിനായി ഭര്‍ത്താവ് നിര്‍ബന്ധിച്ചതായി സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ക്ക് വാക്സിന് നല്കാന് പോലും നയാസ് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.